Sunday 5 December 2010

ഫാ. ജോസഫ്‌ വയലില്‍ CMI
ആരാധനക്രമ വത്സരത്തിലെ കാലചക്രം വീണ്ടും പൂര്‍ത്തിയായി. നവംബര്‍ 28-ന്‌ ആരാധനാക്രമവത്സരത്തിലെ ഒന്നാം ഞായര്‍ ആരംഭിച്ചു. ആഗമനകാലത്തെ ഒന്നാമത്തെ ഞായറാഴ്‌ചയായിരുന്നു നവംബര്‍ 28. അതായത്‌, ക്രിസ്‌മസിന്‌ ഒരുക്കം തുടങ്ങുവാന്‍ സമയമായി.

ഓര്‍മ്മകള്‍ ചെറുപ്പകാലത്തേക്ക്‌ പോകുന്നു. ഡിസംബര്‍ ആരംഭത്തില്‍ കാലാവസ്ഥ തന്നെ മാറിയിരുന്നു. മഞ്ഞും തണുപ്പും അനുഭവപ്പെടുന്ന മാസം. ക്രിസ്‌മസിനുള്ള ആ ത്മീയ ഒരുക്കം നടത്തുവാന്‍ വേണ്ട പ്രോത്സാഹനങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കുന്നതനുസരിച്ച്‌ എല്ലാവരുംതന്നെ പ്രവര്‍ത്തിച്ചിരുന്നു. അന്ന്‌ പഠിപ്പിച്ചിരുന്ന സിസ്റ്റര്‍മാരും ഇതര അധ്യാപകരില്‍ പലരും ക്രിസ്‌മസിന്‌ ആത്മീയമായി ഒരുങ്ങുവാന്‍ വലിയ പ്രചോദനങ്ങള്‍ തന്നിരുന്നു. ചെയ്യാനുള്ള കാര്യം ഇതാണ്‌: ഉണ്ണീശോക്ക്‌ പുല്‍ക്കൂട്‌ ഒരുക്കുക, ഉടുപ്പ്‌ തയ്‌ച്ച്‌ വയ്‌ക്കുക, ഷൂസും സോക്‌സും കളിപ്പാട്ടങ്ങളും കരുതുക. എന്നിട്ട്‌ അതെല്ലാം ക്രിസ്‌മസ്‌ ദിനത്തില്‍ ഉണ്ണീശോയ്‌ക്ക്‌ സമര്‍പ്പിക്കുക. പുല്‍ക്കൂടും ഉടുപ്പും വളയും ഷൂസും സോക്‌സുമെല്ലാം ഉണ്ടാക്കുന്നത്‌ പ്രാര്‍ത്ഥനകള്‍, സുകൃതജപങ്ങള്‍, ആശയടക്കങ്ങള്‍, പരോപകാരപ്രവൃത്തികള്‍, ദിവ്യകാരുണ്യ വിസീന്ത തുടങ്ങിയ ആത്മീയകാര്യങ്ങള്‍ ചെയ്‌തുകൊണ്ടായിരുന്നു. ഉദാഹരണത്തിന്‌, ദിവസം നൂറു സുകൃതജപങ്ങള്‍ വീതം 24 ദിവസം ചൊല്ലി 2400 സുകൃതജപങ്ങള്‍കൊണ്ട്‌ ഒരു പുല്‍ക്കൂട്‌. ദിവസം പത്ത്‌ ആശയടക്കങ്ങള്‍ വീതം 24 ദിവസം ചെയ്‌തുകൊണ്ട്‌ 240 ആശയടക്കങ്ങള്‍കൊണ്ട്‌ ഉണ്ണീശോക്ക്‌ ഒരു ഉടുപ്പ്‌. ദിവസം ഏതാനും ത്യാഗപ്രവൃത്തികള്‍ ചെയ്‌തുകൊണ്ട്‌ ഉണ്ണീശോക്ക്‌ ഒരു വള. ഉദാഹരണത്തിന്‌, കുടുംബപ്രാര്‍ത്ഥനയുടെ സമത്ത്‌ മുട്ടുകുത്തി നില്‍ക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ ഒരു നേരമെങ്കിലും അല്‍പം കുറച്ചു കഴിക്കുക അഥവാ ഒരിനം വേണ്ടെന്ന്‌ വ യ്‌ക്കുക; ചെയ്യാന്‍ മടി തോന്നുന്ന ഒരു കാര്യം ചെയ്യുക എ ന്നിങ്ങനെ. ഇത്തരം ത്യാഗപ്രവൃത്തികള്‍ എല്ലാ ദിവസവും ചെയ്‌ത്‌ അതുകൊണ്ട്‌ ഒരു വളയുണ്ടാക്കി ക്രിസ്‌മസിന്‌ ഉണ്ണീശോക്ക്‌ നല്‍കുക. ഇത്തരം കാര്യങ്ങള്‍ സിസ്റ്റര്‍മാരും ചില അധ്യാപകരും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും മറ്റും പറഞ്ഞ്‌ തരുമായിരുന്നു. ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു. ചെയ്യുന്നുണ്ടോ എന്ന്‌ അന്വേഷിക്കുമായിരുന്നു. ഒട്ടുമിക്ക കുട്ടികളും ഇതെല്ലാം വിശ്വസ്‌തതയോടും സന്തോഷത്തോടെയും ആവേശത്തോടെയും ചെയ്യുമായിരുന്നു. ഈ സുകൃതങ്ങളും ത്യാഗപ്രവൃത്തികളും കൊണ്ട്‌ ഉണ്ടാക്കിയ പുല്‍ക്കൂടും ഉടുപ്പും വളയും ചെരുപ്പും മറ്റുമായിട്ടാണ്‌ ക്രിസ്‌മസിന്‌ പള്ളിയില്‍ പോയിരുന്നത്‌. രാത്രിയില്‍ പള്ളിയില്‍ പോകാനായിരുന്നു വലിയ ഉത്സാഹം. രാത്രി ഉറങ്ങാന്‍ കിടന്നാലും പലപ്പോഴും പള്ളിയില്‍ പോകാനുള്ള ത്രില്‍ കാരണം, സമയമായോ എന്ന ആകാംക്ഷ കാരണം ശരിക്കും ഉറങ്ങിയിരുന്നില്ല. ഇന്നത്തെപ്പോലെ വാച്ചും ടൈംപീസും ഒന്നുമില്ല. പള്ളിയില്‍ മണിയടിക്കും. കതിനാവെടി വയ്‌ക്കും. ഈ ശബ്‌ദം കേട്ടാണ്‌ സമയം മനസിലാക്കി പൊയ്‌ക്കൊണ്ടിരുന്നത്‌. കപ്പളത്തിന്റെ തണ്ട്‌ മുറിച്ചെടുത്ത്‌, അതില്‍ മണ്ണെണ്ണ ഒഴിച്ച്‌, തുണിയുടെ തിരിവച്ച്‌, ആ തീപ്പന്തവുമായിട്ടായിരുന്നു പള്ളിയില്‍ പോക്ക്‌. ഈ പന്തം ആയിരുന്നു രാത്രിയില്‍ നടന്നുപോകാന്‍ വെളിച്ചം തന്നിരുന്നത്‌. ഇന്നും ഇതെല്ലാം ഓര്‍ ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.

കാലം പോയപ്പോള്‍ ഇത്തരം പല ശീലങ്ങളും കൈമോശം വന്നു. ആഗമനകാലത്തെ ഓരോ ദിവസവും സുകൃതജപങ്ങള്‍, ത്യാഗപ്രവൃത്തികള്‍, പരോപകാര പ്രവൃത്തികള്‍ തുടങ്ങിയവയാല്‍ ഉണ്ണീശോക്ക്‌ പുല്‍ക്കൂടും ഉടുപ്പും വളയും മറ്റും ഉണ്ടാക്കണം എന്ന കാര്യം ഇന്ന്‌ എത്ര മുതിര്‍ന്നവര്‍ ചെയ്യുന്നുണ്ട്‌? എത്ര മാതാപിതാക്കള്‍ ചെയ്യുന്നുണ്ട്‌? എത്ര മാതാപിതാക്കള്‍ മക്കള്‍ക്ക്‌ ഇത്‌ പറഞ്ഞുകൊടുത്ത്‌, പ്രോത്സാഹനം കൊടുത്ത്‌ ചെയ്യിക്കുന്നുണ്ട്‌? എത്ര സിസ്റ്റര്‍മാര്‍ കുട്ടികള്‍ക്ക്‌ ഇത്‌ പറഞ്ഞുകൊടുക്കുന്നുണ്ട്‌? എത്ര അല്‌മായ അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇവ പറഞ്ഞുകൊടുക്കുന്നുണ്ട്‌? എത്ര സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ ഇവ ചെയ്യുകയും ചെയ്യുവാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്‌? പോട്ടെ, എത്ര വൈദികരും സിസ്റ്റര്‍മാരും ഇവ ചെയ്യുകയും ചെയ്യുവാന്‍ പറഞ്ഞുകൊടുത്ത്‌ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്‌?

ചെയ്യുന്നവരും ചെയ്യുവാന്‍ പറഞ്ഞുകൊടുക്കുന്നവരും ചെ യ്യുവാന്‍ പ്രചോദനം നല്‍കുന്നവരും തീര്‍ച്ചയായും മേല്‍പ്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും ഉണ്ട്‌ എന്ന്‌ സന്തോഷത്തോടെ പറയട്ടെ. വലിയ തീക്ഷ്‌ണതയോടെ ഈ വിധം ക്രിസ്‌മസിന്‌ ഒരുങ്ങുന്ന വൈദികരും സിസ്റ്റര്‍മാരും മാതാപിതാക്കളും ഇതര മുതിര്‍ന്നവരും നവീകരണാനുഭവത്തിലേക്ക്‌ വന്ന യുവജനങ്ങളും കുഞ്ഞുങ്ങളും ഉണ്ട്‌. എന്നാല്‍ ഇങ്ങനെ കാര്യമായ ഒരുക്കങ്ങള്‍ ചെയ്യാത്തവരും എല്ലാ വിഭാഗങ്ങളിലും ഉണ്ട്‌.
ഈ സാഹചര്യത്തില്‍, ഏതാനും നിര്‍ദ്ദേശങ്ങള്‍ പറയട്ടെ.

എല്ലാ വൈദികരും സിസ്റ്റര്‍മാരും വൈദിക-സന്യാസ പരിശീലനാര്‍ത്ഥികളും ഒരു തീരുമാനമെടുക്കുക: ഈ ക്രിസ്‌മസിന്‌ ഉണ്ണിക്ക്‌ സമര്‍പ്പിക്കുവാന്‍ ഞാന്‍ ഒരു പുല്‍ക്കൂടും ഒരു സെറ്റ്‌ ഉടുപ്പുമെങ്കിലും എന്റെ പ്രാര്‍ത്ഥന, സുകൃതജപങ്ങള്‍, ആശയടക്കങ്ങള്‍, പരോപകാര പ്രവൃത്തികള്‍ എന്നിവ വഴി ഉണ്ടാക്കും. ഡിസംബര്‍ ഒന്നാം തിയതി തന്നെ ഇതിന്റെ പണി ഞാന്‍ തുടങ്ങുകയും ചെയ്യും.
എല്ലാ വികാരിയച്ചന്മാരും ഇത്തരം പുല്‍ക്കൂടും ഉടുപ്പും മറ്റും ഈവിധം തയാറാക്കുവാന്‍ ആഗമനകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ വിശ്വാസികളെ പ്രേരിപ്പിക്കുകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുക. ഇത്തരം കാര്യങ്ങള്‍ പള്ളിപ്രസംഗം, കുടുംബയോഗത്തില്‍ സന്ദേശം എന്നിവവഴി നല്‍കുവാന്‍ സാധിക്കും.

എല്ലാ മാതാപിതാക്കളും സ്വന്തം ജീവിതത്തില്‍ ഒരു പുല്‍ക്കൂട്‌ ഉണ്ടാക്കും എന്ന്‌ തീരുമാനിച്ച്‌ പ്രവര്‍ത്തിച്ചു തുടങ്ങുക. മാതാപിതാക്കള്‍, പ്രത്യേകിച്ച്‌ കൊച്ചുകുട്ടികളുടെ മാതാപിതാക്കള്‍ മക്കള്‍ക്ക്‌ ഇത്തരം പുല്‍ക്കൂട്‌, ഉടുപ്പ്‌, വള, ചെരുപ്പ്‌ എന്നിവയെപ്പറ്റി പറഞ്ഞുകൊടുക്കുകയും പ്രാവര്‍ത്തികമാക്കാന്‍ മക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവര്‍ ഇത്‌ ചെയ്യുന്നുണ്ടോ എന്ന്‌ ഇടയ്‌ക്കിടയ്‌ക്ക്‌ അന്വേഷിക്കുക. ഉണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കുക. ഇല്ലെങ്കില്‍ വീണ്ടും ചെയ്യാനുള്ള പ്രേരണ നല്‍കുക. സുകൃതജപം, ആശയടക്കം തുടങ്ങിയ വാക്കുകളോ അതിന്റെ അര്‍ത്ഥമോ ഇന്നത്തെ മഹാഭൂരിപക്ഷം കുട്ടികള്‍ക്കും അറിഞ്ഞുകൂടാ എന്ന്‌ ഖേദത്തോടെ പറയട്ടെ. ചില അവസരങ്ങളില്‍, കുമ്പസാരിച്ചു കഴിയുമ്പോള്‍ പ്രായശ്ചിത്തമായി ഹൈസ്‌കൂളിലും മറ്റും പഠിക്കുന്ന കുട്ടികള്‍, യുവജനങ്ങള്‍ തുടങ്ങിയവരോട്‌ പ്രായശ്ചിത്തമായി ഏതാനും ആശയടക്കങ്ങള്‍ ചെയ്യുക അല്ലെങ്കില്‍ ഒരു സുകൃതജപം ഇത്ര തവണ ചൊല്ലുക എന്നൊക്കെ പറഞ്ഞിട്ടുണ്ട്‌. അവരില്‍ പലരും പുറത്തിറങ്ങി സിസ്റ്റര്‍മാരോടും മുതിര്‍ന്നവരോടും മറ്റും സുകൃതജപം എന്നുവച്ചാല്‍ എന്താണ്‌, ആശയടക്കം എന്നുവച്ചാല്‍ എന്നാണ്‌ എന്നൊക്കെ ചോദിച്ചതായി മനസിലാക്കാന്‍ കഴിഞ്ഞു. അതിനര്‍ത്ഥം, അ ത്തരം ആത്മീയാനുഷ്‌ഠാനങ്ങള്‍ തന്നെ അന്യംനിന്ന്‌ പോകുന്നു അഥവാ അന്യം നിന്ന്‌ പോയിരിക്കുന്നു എന്നാണ്‌.

യുവജനങ്ങളും ഇങ്ങനെ ഒരു പുല്‍ക്കൂട്‌പണി ആരംഭിക്കുക. തങ്ങളുടെ ചില സുഹൃത്തുക്കളോടെങ്കിലും ഇങ്ങനെ ഒരു പുല്‍ക്കൂടിന്റെ കാര്യം പറഞ്ഞ്‌, അത്‌ ഉണ്ടാക്കുവാന്‍ അവരെ പ്രേരിപ്പിക്കുക.
ചുരുക്കത്തില്‍, ഈ വര്‍ഷത്തെ ക്രിസ്‌മസിന്‌ പള്ളിയില്‍ പോകുമ്പോള്‍ ആരും വെറും കയ്യോടെ പോകരുത്‌. നേര്‍ച്ചയിടാന്‍ കൈവശം ഇത്തിരി സുകൃതങ്ങളുടെ, പ്രാര്‍ത്ഥനകളുടെ, ആശയടക്കങ്ങളുടെ, പരോപകാര പ്രവൃത്തികളുടെ ഒരു സമ്മാനവുമായി പള്ളിയില്‍ പോകാന്‍ കഴിയണം. അത്‌ ഉണ്ണിക്ക്‌ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ച്‌ അനുഗ്രഹം വാങ്ങി തിരികെപോരണം. ആട്ടിടയന്മാരും പൂജരാജാക്കന്മാരുമെല്ലാം ഉണ്ണിയെ കണ്ടിട്ടു പോന്നപ്പോള്‍ അനുഭവിച്ച ആത്മീയ സന്തോഷം, എങ്കില്‍ ഈ ക്രിസ്‌മസിന്‌ നമുക്കും ഉണ്ടാകും. ആകയാല്‍ ഒന്നാം തിയതിതന്നെ പുല്‍ക്കൂടിന്റെയും ഉടുപ്പിന്റെയുമൊക്കെ പണി തുടങ്ങാം.